7.1.13

പ്രവാസികള്‍ മഅദനിക്കു വേണ്ടി ശബ്ദിക്കണം 

-ജമീലാ പ്രകാശം എം.എല്‍.എ.



ജിദ്ദ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ജയില്‍മോചനം ആവശ്യപ്പെട്ട് 'മഅദനിയെ തരൂ ജീവന്‍ തരാം' എന്ന മുദ്രാവാക്യം ഉയര്‍ത്തി പി.ഡി.പി. സംസ്ഥാനക്കമ്മിറ്റി നടത്തുന്ന മനുഷ്യാവകാശ കാമ്പയിന്റെയും സമരങ്ങളുടെയും ഗള്‍ഫ്തല ഉദ്ഘാടനം ജിദ്ദയില്‍ നടന്നു. പി.സി.എഫ്. ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശസംഗമത്തിന്റെ ഉദ്ഘാടനം കോവളം എം.എല്‍.എ. ജമീലാ പ്രകാശം ഓണ്‍ലൈന്‍വഴി ഉദ്ഘാടനംചെയ്തു. പിന്നാക്ക ദളിത് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വിമോചനത്തിനും അധികാരസ്ഥാനങ്ങളില്‍ മാറ്റിനിര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും ശ്രമിച്ചതിന്റെ പേരിലാണ് മഅദനി നിരന്തരം ഇരയാക്കപ്പെടുന്നതെന്നും നിരന്തരമായ നീതിനിഷേധത്തിനും തുല്യതയില്ലാത്ത മനുഷ്യാവകാശധ്വംസനത്തിനും ഇരയായി മഅദനിയുടെ രണ്ടാം ജയില്‍വാസം മൂന്നാംവര്‍ഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന് സാമാന്യനീതിയും മനുഷ്യാവകാശവും ലഭ്യമാക്കാന്‍ മുഴുവന്‍ പ്രവാസികളും ശബ്ദമുയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ ഐ.ബി. ഉള്‍പ്പെടെയുള്ള ചില സംവിധാനങ്ങള്‍ രാജ്യത്തെ പ്രബല ന്യൂനപക്ഷവിഭാഗമായ മുസ്‌ലിം സമുദായത്തെ സംശയത്തോടെ നോക്കിക്കാണുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും അപമാനമാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഅദനി ഉള്‍പ്പെടെ നിരപരാധികളായ മുസ്‌ലിം സമുദായാംഗങ്ങളെ ഭീകരവിരുദ്ധനിയമത്തിന്റെ മറവില്‍ വര്‍ഷങ്ങളോളം വിചാരണയും ജാമ്യവും നല്‍കാതെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 
ശാരീരികമായി കടുത്ത അവശതയനുഭവിക്കുന്ന മഅദനിയുടെ ആരോഗ്യനില അതിഗുരുതരമാണെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്തവില നല്‍കേണ്ടി വരുമെന്നും, കര്‍ണാടക സര്‍ക്കാര്‍ മഅദനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് കോടതികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംഗമത്തില്‍ സംബന്ധിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. മഅദനിക്ക് നീതി ലഭിക്കാന്‍വേണ്ടിയുള്ള പോരാട്ടത്തിന് സംഗമത്തില്‍ പങ്കെടുത്ത വിവിധ സംഘടനാനേതാക്കള്‍ തങ്ങളുടെ സംഘടനയുടെ പൂര്‍ണപിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. 
ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യാവകാശസംഗമത്തില്‍ പി.സി.എഫ്. സൗദി നാഷണല്‍ ജനറല്‍കണ്‍വീനര്‍ അഷറഫ് പൊന്നാനി അധ്യക്ഷതവഹിച്ചു. പി.സി.എഫ്. ജിദ്ദ ഘടകം ആക്ടിങ് സെക്രട്ടറി അബ്ദുല്‍റസാഖ് മാസ്റ്റര്‍ മമ്പുറം മഅദനിയുടെ സന്ദേശം വായിച്ചു. വിവിധ സംഘടനാനേതാക്കളായ വി.കെ. റഊഫ് (നവോദയ), പി.എം.എ. ജലീല്‍ (കെ.എം.സി.സി.) കുഞ്ഞാവുട്ടി എ. ഖാദര്‍ (ഐ.എം.സി.സി.), പി.എ. മുഹമ്മദ് റാസിം (പി.സി.എഫ്.), പി.എ. മുഹമ്മദ് (ജംഇയ്യത്തുല്‍ അന്‍സാര്‍), മുജീബ് എ.ആര്‍.നഗര്‍ (ഐ.സി.എഫ്.), ഷാനവാസ് വണ്ടൂര്‍ (ഐ.ഡി.സി.), സലാഹ് കാരാടന്‍ (ഇസ്ലാഹി സെന്റര്‍), സാദിഖലി തുവ്വൂര്‍ (തനിമ), മഹബൂബ് പത്തപ്പിരിയം (ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം), അഷറഫ് മൊറയൂര്‍ (ഫ്രട്ടേര്‍ണിറ്റി ഫോറം), സിറാജ് കൊല്ലം (കൊല്ലം ജില്ലാ പ്രവാസിസംഗമം), ഹാഫിസ് ഹുസൈന്‍ റഷാദി (അന്‍വാര്‍ കള്‍ച്ചറല്‍ഫോറം), നവാസ് (കരുനാഗപ്പള്ളി താലൂക്ക് സംഗമം) എന്നിവര്‍ സംസാരിച്ചു. സംഗമത്തില്‍ പി.സി.എഫ്. ജിദ്ദ ഘടകം പ്രസിഡന്റ് ദിലീപ് താമരക്കുളം സ്വാഗതവും ട്രഷറര്‍ അബ്ദുള്‍റഷീദ് ഓയൂര്‍ നന്ദിയും പറഞ്ഞു.

No comments: