23.11.12

മഅ്ദനി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ലീഗിന്‍െറ സമ്മര്‍ദം കാരണം -പി.ഡി.പി

കണ്ണൂര്‍:  അബ്ദുന്നാസര്‍ മഅ്ദനിക്കുനേരെ ഇത്ര വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൗനം പാലിക്കുന്നത് ലീഗിന്‍െറ സമ്മര്‍ദം കാരണമാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മത്തേര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മഅ്ദനി കേരളത്തിലെ പൗരനെന്ന നിലയില്‍ മാനുഷിക ഇടപെടല്‍ നടത്തുന്നതിനുപകരം മുഖ്യമന്ത്രി ലീഗിന് അടിമപ്പെടുന്നത് അപമാനകരമാണ്.  ഇ.ടി. മുഹമ്മദ് ബഷീറിനെപോലുള്ളവരുടെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മഅ്ദനിക്കുവേണ്ടി ലീഗില്‍ ഉയരുന്നുണ്ട്.
മഅ്ദനിയെ ജയിലിലടക്കാന്‍ വേണ്ടി നടന്ന ഗൂഢാലോചനയെക്കുറിച്ച് പൂര്‍ണമായി അറിയാവുന്ന സി.പി.എം കേരള നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം പറയാത്തത് ഹൈന്ദവ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന പേടികൊണ്ടാവാം.  
കാഴ്ച നഷ്ടപ്പെട്ട് നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന മഅ്ദനിക്കെതിരെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ കള്ളക്കഥകളുണ്ടാക്കി  സത്യവാങ്മൂലം നല്‍കിയതിനാലാണ്  ജാമ്യം നിഷേധിക്കപ്പെട്ടത്. ജാമ്യവും ചികിത്സയും നല്‍കാതെ അദ്ദേഹത്തെ  ഇല്ലാതാക്കാനും അതുവഴി മുസ്ലിം യുവാക്കളില്‍ തീവ്രവികാരം ഇളക്കിവിട്ട് വര്‍ഗീയ കാര്‍ഡിറക്കി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്താനുമുള്ള ബി.ജെ.പിയുടെ ശ്രമമാണിത്.
മനുഷ്യാവകാശം സംരക്ഷിക്കുക, ന്യൂനപക്ഷവേട്ട അവസാനിപ്പിക്കുക, മഅ്ദനിക്ക് നീതി നല്‍കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി  മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് മലപ്പുറം പുത്തനത്താണിയില്‍ മലബാര്‍ സംഗമം സംഘടിപ്പിക്കും. സമൂഹികനീതി, സമഗ്ര വികസനം, സമാധാന സമൂഹം എന്ന മുദ്രാവാക്യമുയര്‍ത്തി പി.ഡി.പി സംഘടിപ്പിക്കുന്ന പാഠശാല നവംബര്‍ 29ന്  തൃശൂര്‍ ടൗണ്‍ഹാളിലും നടക്കും.

 

No comments: