18.9.10

മഅദനി: നിഷ്‌പക്ഷ അന്വേഷണം വേണം
Posted on: 19 Sep 2010


കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ അന്വേഷണം കര്‍ണാടകത്തിനുവെളിയിലുള്ള നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കര്‍ണാടക പോലീസ് കേസുമായി മുന്നോട്ടുപോയാല്‍ മഅദനിക്ക് നീതി ലഭിക്കില്ലെന്നും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ ആവര്‍ത്തനം ഈ കേസിലുമുണ്ടാകുമെന്നും ഫോറം ചെയര്‍മാന്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഈ കേസില്‍ എന്‍ഐഎ അന്വേഷണം പോലും സ്വാഗതാര്‍ഹമാണ്.

അനാവശ്യവും അനവസരത്തിലുള്ളതുമായ രാഷ്ട്രീയ ഇടപെടലുകള്‍ കോടതി നടപടികളെ സ്വാധീനിക്കുന്നു എന്ന ആശങ്ക നിലനില്‍ക്കുന്നു.

മഅദനിയുടെ കര്‍മമേഖല കേരളവും അനുയായികള്‍ ഇവിടെയുള്ള ജനാധിപത്യവിശ്വാസികളും ആയിരിക്കെ കേരളത്തിനു പുറത്തുള്ള അപരിചിതരായ വ്യക്തികളുമായി ബന്ധപ്പെട്ട് കഥകള്‍ ചമയ്ക്കുന്നതിലെ ഗൂഢാലോചനയും വിരോധാഭാസവും തിരിച്ചറിയപ്പെടണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഷഹീര്‍ മൗലവി, വൈസ്‌ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി, കണ്‍വീനര്‍ മുഹമ്മദ് നജീബ് എന്നിവര്‍ പങ്കെടുത്തു.

പി.ഡി.പി മത്സരിക്കും
Posted on: 19 Sep 2010


തിരൂരങ്ങാടി: ചേലേമ്പ്ര പഞ്ചായത്തിലെ എട്ടുവാര്‍ഡുകളില്‍ പി.ഡി.പി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ഒന്ന്, ആറ്, ഒമ്പത്, 11, 15, 12, 16, 17 വാര്‍ഡുകളിലാണ് മത്സരിക്കുക. 12-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താനും ബാക്കിവരുന്ന പത്തുവാര്‍ഡുകളില്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നവരെ പിന്തുണയ്ക്കാനുമാണ് തീരുമാനം.

യോഗത്തില്‍ അറഫ നിസാര്‍ അധ്യക്ഷനായി. പ്രഭാകരന്‍, സിദ്ദിഖ്, ബാബു എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി. മത്സരിക്കും
Posted on: 19 Sep 2010


തിരൂര്‍: പുറത്തൂര്‍ പഞ്ചായത്തിലെ എട്ട് വാര്‍ഡുകളില്‍ തനിച്ച് മത്സരിക്കുവാനും മറ്റു വാര്‍ഡുകളില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിക്കാനും പി.ഡി.പി. തീരുമാനിച്ചു. അജ്മല്‍ മുട്ടനൂര്‍ അധ്യക്ഷത വഹിച്ചു. മുനീബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇ.പി. ജഹ്ഫറലി, ഐ.പി. അബ്ബാസ്, സാബിര്‍ബാബു, ഷറഫുദ്ദീന്‍, റഷീദ്, ഹമീദ് കൂട്ടായി, ഖമറുദ്ദീന്‍, ജംഷീര്‍ കുറുമ്പടി എന്നിവര്‍ പ്രസംഗിച്ചു.

മഅദനി മോചനസമര സമ്മേളനം
Posted on: 19 Sep 2010


കൊണ്ടോട്ടി: പി.ഡി.പി പുളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ മഅദനി മോചനസമര സമ്മേളനം സുബൈര്‍ സബാഹി ഉദ്ഘാടനംചെയ്തു. നസീര്‍ഖാന്‍ കൊട്ടുക്കര അധ്യക്ഷതവഹിച്ചു. പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം ഹനീഫ പുത്തനത്താണി, ബാപ്പു പുത്തനത്താണി, ഉമ്മര്‍ ഓമാനൂര്‍, ആലുങ്ങല്‍ ആസിഫ് അലി, ബഷീര്‍ മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു. നൗഫല്‍ ആല്‍പറമ്പ് സ്വാഗതവും മുഹമ്മദ്കുട്ടി ആല്‍പറമ്പ് നന്ദിയും പറഞ്ഞു


14.9.10

മഅ്ദനിയെ അനന്തമായ ജയില്‍വാസത്തിലേക്ക് തള്ളിവിടാന്‍ നീക്കം -ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം

Tuesday, September 14, 2010
കൊച്ചി: അന്യായമായി കര്‍ണാടക ജയിലില്‍ അടക്കപ്പെട്ട പി.ഡി.പി ചെയര്‍മാനും  ഇസ്‌ലാംമത പണ്ഡിതനുമായ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ പുതിയ കേസുകള്‍ കൂടി എടുത്ത് അനന്തമായ ജയില്‍വാസത്തിലേക്ക് തള്ളിവിടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കൊച്ചിയില്‍ ചേര്‍ന്ന ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്റെ (ജെ.എം.എഫ്) കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.
ഏഴ് സ്‌ഫോടന പരമ്പര കേസുകളില്‍ കൂടി മഅ്ദനിയെ അന്യായമായി പ്രതിചേര്‍ത്ത് ജാമ്യം ലഭിക്കാനുള്ള അവകാശം പോലും അട്ടിമറിക്കാനാണ് നീക്കം . ഇതനുവദിക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ ശക്തമായ നിയമപോരാട്ടത്തോടൊപ്പം ജനകീയ പ്രതിഷേധവും രൂപപ്പെടേണ്ടതുണ്ടെന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.  സെപ്റ്റംബര്‍ 30നകം കാസര്‍കോട്, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നീ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങളും സെമിനാറുകളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.ഇതിന് മുന്നോടിയായി ജെ.എം.എഫിന്റെ  ജില്ലാ, മണ്ഡലം തല കമ്മിറ്റികള്‍  30നകം വിപുലീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ജനാധിപത്യ സമരങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമായി നടത്തിയ സാമ്പത്തിക സമാഹരണം വന്‍ വിജയമാക്കിയവരെ യോഗം നന്ദി അറിയിച്ചു.പല കാരണങ്ങളാല്‍ കഴിഞ്ഞയാഴ്ചകളില്‍ പിരിവ് നടക്കാതെപോയ പള്ളികളില്‍ വരുന്ന വെള്ളിയാഴ്ച കൂടി സാമ്പത്തിക സമാഹരണം നടത്താനും സെപ്റ്റംബര്‍ 17ന് നടക്കുന്ന ഫണ്ട് ശേഖരണത്തോടെ ബക്കറ്റ് കലക്ഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും യോഗം  തീരുമാനിച്ചു. ഫോറം ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റിയന്‍പോള്‍ ഉദ്ഘാടനം ചെയ്തു. 
വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമിതി രക്ഷാധികാരികളായ ടി.ആരിഫ് അലി, പൂന്തുറ സിറാജ്,  ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി,ട്രഷറര്‍ ജമാല്‍ മുഹമ്മദ്, വൈസ് ചെയര്‍മാന്മാരായ അഡ്വ. സജി കെ. ചേരമര്‍, വയലാര്‍ ഗോപകുമാര്‍, കണ്‍വീനര്‍മാരായ ഗഫൂര്‍ പുതുപ്പാടി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, കടക്കല്‍ ജുനൈദ്, മുഹമ്മദ് റജീബ്, സുബൈര്‍ സബാഹി എന്നിവര്‍ സംസാരിച്ചു

ഹൈകോടതിയെ സമീപിക്കും -അഡ്വ. പി. ഉസ്മാന്‍

Monday, September 13, 2010
ബംഗളൂരു: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ അതിവേഗ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈകോടതിയെ സമീപിക്കുമെന്ന് ജാമ്യാപേക്ഷയില്‍ മഅ്ദനിക്കുവേണ്ടി ഹാജരായ അഡ്വ. പി. ഉസ്മാന്‍ പറഞ്ഞു. ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കിട്ടിയശേഷം ഹൈകോടതിയെ സമീപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.  പ്രോസിക്യൂഷന്‍ വാദങ്ങള്‍ അതേപടി അംഗീകരിക്കുകയാണ് കോടതി ചെയ്തത്. ടൂര്‍ ഡയറി തയാറാക്കിയത് മഅ്ദനി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന പൊലീസുകാരാണ് ഇത് തയാറാക്കിയതെന്നും കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും അത് അംഗീകരിച്ചില്ല. സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടെന്ന കാര്യവും സ്വീകരിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

7.9.10

പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതുവരെ കടുത്ത നിരീക്ഷണത്തില്‍ -മഅ്ദനി

Tuesday, September 7, 2010
ബംഗളൂരു: ബംഗളൂരു സെന്‍ട്രല്‍ ജയിലായ പരപ്പന അഗ്രഹാരയില്‍ കഴിയുന്ന താന്‍ കടുത്ത നിരീക്ഷണത്തിലാണെന്ന് 2008ലെ സ്‌ഫോടന പരമ്പര കേസില്‍ 31ാം പ്രതിയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് പോലും കാമറയുടെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച അഡ്വ. കാഞ്ഞിരമറ്റം സിറാജ്  മുഖേനയാണ് ഇക്കാര്യം അറിയിച്ചത്. 
റമദാനിലെ അവസാനിക്കുന്ന ദിനരാത്രങ്ങളിലും പെരുന്നാള്‍ നമസ്‌കാരാനന്തരവും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം. 
തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമ പ്രചാരണങ്ങളും മറ്റുമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ തലേദിവസം ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് കേരളീയ സമൂഹത്തോട് പറഞ്ഞതിന് അപ്പുറം ഒരക്ഷരം പോലും അധികം ഒരു ഏജന്‍സിയോടും പറയാന്‍ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കോയമ്പത്തൂര്‍ ജയിലില്‍ പത്ത് വര്‍ഷത്തോളം കഴിഞ്ഞിരുന്നപ്പോഴും ഞാന്‍ താമസിച്ചിരുന്ന സെല്ലിനുള്ളില്‍ കാമറ ഘടിപ്പിച്ചിരുന്നില്ല. 

എന്നാല്‍, ബംഗളൂരുവില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതടക്കം 24 മണിക്കൂറും സെല്ലിനുള്ളില്‍ ഘടിപ്പിച്ച കാമറയുടെ നിരീക്ഷണത്തിന് കീഴിലാണ്. ജയില്‍ ഡി.ജി.പിയുടെയും സൂപ്രണ്ടിന്റെയും മുറിയില്‍ തല്‍സമയം ദൃശ്യങ്ങള്‍ ലഭിക്കുന്നുണ്ട്.  ഇവ റെക്കോഡ് ചെയ്ത കാസറ്റുകള്‍ ആഴ്ചയില്‍ ഒരു ദിവസം ജയില്‍ ഡി.ജി.പിക്കും പൊലീസ് മേധാവികള്‍ക്കും കൈമാറുമത്രെ -മഅ്ദനി അഭിഭാഷകരോട് വ്യക്തമാക്കി. സെല്ലിന് മുന്നില്‍ 24 മണിക്കൂറും ആറ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ട്. സഹായത്തിനായി കോടതി നിര്‍ദേശപ്രകാരം അനുവദിച്ചിട്ടുള്ള ഒരാളോടല്ലാതെ മറ്റാേരാടും സംസാരിക്കാന്‍ അനുവാദമില്ല. നോമ്പുതുറക്കാന്‍ അടുക്കളയില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം അഴുക്കുപിടിച്ച കൈകള്‍ കൊണ്ടാണ് ഉദ്യോഗസ്ഥര്‍ തൊട്ടുപരിശോധിക്കുന്നത്. ആഴ്ചയില്‍ ഒരുദിവസമേ സന്ദര്‍ശകരെ അനുവദിക്കുന്നുള്ളൂ -മഅ്ദനി പറഞ്ഞു. ഇതൊക്കെയാണെങ്കിലും എന്റെ മനസ്സ് തികച്ചും ശാന്തമാണ്. ആര് ഒറ്റപ്പെടുത്തിയാലും എന്നെ ദൈവസാന്നിധ്യത്തില്‍ നിന്ന് അകറ്റാന്‍ കഴിയില്ലെന്ന ഉറപ്പുണ്ട്. അദൃശ്യമെങ്കിലും അതിശക്തമായ ആ സാന്നിധ്യത്തിന്റെ സമാധാനത്തിലും ശാന്തതയിലുമാണ് ഞാനുള്ളത്.
മുഴുവന്‍ കേരളീയരും എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കണം.
ഭരണകൂട ഭീകരതക്ക് വിധേയരായി കഠിനമായ പീഡനങ്ങളനുഭവിക്കുന്ന ലോകമെങ്ങുമുള്ള മുഴുവന്‍ പീഡിതരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരമായി ഈദുല്‍ ഫിതറിനെ വിനിയോഗിക്കണമെന്ന് മഅ്ദനി അഭ്യര്‍ഥിച്ചു. 

മഅ്ദനിയെ കാണാന്‍ മക്കളെത്തി

Tuesday, September 7, 2010
ബംഗളൂരു: പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടിന്റെ മുറിയില്‍ വികാര നിര്‍ഭരമായൊരു കൂടിക്കാഴ്ച. ബംഗളൂരു സ്‌ടേനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയുടെ മക്കളായ ഉമര്‍ മുഖ്താറും സലാഹുദ്ദീന്‍ അയ്യൂബിയും വാപ്പച്ചിയെ കാണാനെത്തിയതായിരുന്നു രംഗം. 
തിങ്കളാഴ്ച ഉച്ച പന്ത്രണ്ട് മണിയോടെയാണ് ഉമറും സലാഹുദ്ദീനും അഡ്വ. അക്ബറലി, പി.ഡി.പി സംസ്ഥാന സെക്രട്ടറി റജീബ് എന്നിവര്‍ക്കൊപ്പം മഅ്ദനിയെ കണ്ടത്. ജയിലിലെ സൂപ്രണ്ടിന്റ മുറിയിലായിരുന്നു കുടിക്കാഴ്ച. 

വികാര നിര്‍ഭരമായിരുന്നു മൂവരുടെയും കണ്ടുമുട്ടല്‍. തേങ്ങലടക്കാന്‍ പ്രസപ്പെട്ട മക്കളെ മഅ്ദനി ആശ്വസിപ്പിച്ചു. വിഷമിക്കരുതെന്നും പഠനത്തില്‍ ശ്രദ്ധിക്കണമെന്നും മഅ്ദനി മക്കളോട് നിര്‍ശേദിച്ചു. അന്‍വാര്‍ശ്ശേരിയില്‍ ഖുര്‍ പഠനം നടത്തുകയാണ് രണ്ട് മക്കളും. ജയില്‍ സുപ്രണ്ടിന്റെ സാന്നിധ്യത്തില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. 
ഞായറാഴ്ച രാത്രിയാണ് ഉമറും സലാഹുദ്ദീനും റജീബിനൊപ്പം ബംഗളുരുവിലെത്തിയത്.മെജസ്റ്റിക്കില്‍ ഹോട്ടലില്‍ താമസിച്ചശേഷം തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ജയിലിലേക്ക് തിരച്ചത്. 
കൂടിക്കാഴ്ചക്കുശേഷം തിങ്കളാഴ്ച രാത്രി ഇരുവരും നാട്ടിലേട്ട് മടങ്ങി.  

6.9.10

കേന്ദ്ര സര്‍ക്കാറും മഅ്ദനിക്കെതിരെ ഒളിയുദ്ധം നടത്തുന്നു -പി.ഡി.പി

Monday, September 6, 2010
കാസര്‍കോട്: കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ടവരും മഅ്ദനിക്കെതിരായ ഒളിയുദ്ധം ശക്തമാക്കിയിരിക്കുകയാണെന്ന് പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജും ട്രഷറര്‍ അജിത്കുമാര്‍ ആസാദും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കര്‍ണാടക സര്‍ക്കാറിന്റെ രാഷ്ട്രീയ ലക്ഷ്യം എല്ലാവര്‍ക്കും അറിയാം. പി.ഡി.പി നേതാവ് അബ്ദുല്‍ അസീസിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത് കേന്ദ്രത്തില്‍ ചിലര്‍ തുടങ്ങിയ ഒളിയുദ്ധത്തിന്റെ ഭാഗമാണ്. ഇതുവരെ പുറത്തുപറയാത്ത ഒരു വാറണ്ടിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതിന് നേതൃത്വം നല്‍കാന്‍ ബംഗളൂരുവില്‍ എത്തിയപ്പോഴാണ് അസീസിനെ അറസ്റ്റ് ചെയ്തത്. മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ മുഴുവന്‍ ജനങ്ങളെയും അണിനിരത്തും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മഅ്ദനി വിഷയം ഉയര്‍ത്തിക്കാട്ടി എല്ലാ പഞ്ചായത്തിലും മല്‍സരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.വി. പുരുഷോത്തമന്‍, ജില്ലാ പ്രസിഡന്റ് പി.എ. സുബൈര്‍ പടുപ്പ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

4.9.10

അബ്‌ദുല്‍ അസീസിന്റെ അറസ്‌റ്റിനു പിന്നില്‍ ഗൂഢാലോചന: പി.ഡി.പി

Text Size:   

മലപ്പുറം: ബാങ്ക്‌ തട്ടിപ്പുകേസില്‍ സി.ബി.ഐ അറസ്‌റ്റു ചെയ്‌ത പി.ഡി.പി നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്‌ദുല്‍ അസീസ്‌ കുറ്റക്കാരനല്ലെന്നു ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി. 

അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതവും പി.ഡി.പിയെ തേജോവധം ചെയ്യാനുള്ള ശ്രമവുമാണെന്നും ഗഫൂര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ചു മുമ്പുതന്നെ അറിഞ്ഞിരുന്നു. അബ്‌ദുല്‍ അസീസ്‌ കുറ്റക്കാരനല്ലെന്നു പാര്‍ട്ടി കണ്ടെത്തുകയും ചെയ്‌തിരുന്നു. 

അദ്ദേഹം കുറ്റക്കാരനല്ലെന്നു അഭിഭാഷകനായ അഡ്വ. ഷാനവാസ്‌ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌. അദ്ദേഹം ബിസിനസുകാരനായിരുന്നുവെന്ന്‌ പാര്‍ട്ടിക്കു മുമ്പെ അറിയാമായിരുന്നു. 1994 ലാണ്‌ അദ്ദേഹം പി.ഡി.പിയില്‍ ചേരുന്നത്‌. ബാങ്ക്‌ തട്ടിപ്പു കേസില്‍ 93 ലാണ്‌ ഒപ്പിടുന്നത്‌. അന്നുതന്നെ താന്‍ നിരപരാധിയാണെന്നു നേതൃത്വത്തെ അറിയിച്ചിരുന്നു. 

പഴയ കേസ്‌ പൊടി തട്ടിയെടുക്കുകയാണ്‌ ഇപ്പോള്‍ ചെയ്‌തത്‌. പതിനേഴു വര്‍ഷം പി.ഡി.പിയില്‍ നിറഞ്ഞു നിന്ന വ്യക്‌തിത്വമായിരുന്നു അസീസ്‌. മഅ്‌ദനിയുടെ ജാമ്യാപേക്ഷ കേള്‍ക്കാനിരിക്കെയാണ്‌ അസീസിനെതിരായ നീക്കം.ഇതിനു പിന്നില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുകളിച്ചതായി സംശയമുണ്ട്‌. അറസ്‌റ്റിനെതിരേ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നു അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചിട്ടുണ്ടെന്നും ഗഫൂര്‍ പുതുപ്പാടി പറഞ്ഞു.